കണ്ണമ്പുള്ളി ക്ഷേത്ര മാഹാത്മ്യം

ഓം നമോ ഭഗവതേ കാമേശ്വരായ:

ചരിത്രം

കെടുകാര്യസ്ഥതയാലും, വസ്തുവകകളുടെ അന്യാധീനത്താലും പൂജകൾ മുടങ്ങി തകർന്ന് നാശോന്മുഖമായിരുന്നു കണ്ണമ്പുളളി ക്ഷേത്രവും ചുറ്റുപാടും – ഭൂപരിഷ്കരണ നിയമം നടപ്പിലാക്കപ്പെട്ടതിനു ശേഷമുണ്ടായിരുന്ന ക്ഷേത്രഭൂമി പല കൈകൾ പിന്നിട്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് കുട്ടനാട്ടിലെ പ്രസിദ്ധമായ ചങ്ങങ്കരി ശ്രീധർമ്മശാസ്താവിന്റെ ആശ്രിത കുടുംബത്തിലെത്തി.തുടർന്ന് നടന്ന ദേവഹിതാ ന്വേഷണത്തിന്റെ പരിസമാപനമായി ക്ഷേത്ര പുനരുദ്ധാനവും പ്രതിഷ്ഠാകർമ്മവും അവധൂത യോഗി സ്വാമി അയ്യപ്പൻ വേലായുധനാൽ നടത്തപ്പെട്ടു. സ്വാർജിതം സ്വപൂരിതം ശക്തി എന്നതത്രെ ഈ ചൈതന്യത്തിന് അടിസ്ഥാനം.
അവധൂതനാൽ പ്രതിഷ്ഠിതമാക്കപ്പെട്ട സ്വയംഭൂ ശക്തി ക്ഷേത്രമാകയാൽ മുഖ്യ പുരോഹിതന് ( തന്ത്രി) ദേവഹിതങ്ങളും ഭക്തരുടെ സംശയ നിവൃത്തിയും നൽകുവാൻ സാധിക്കുന്നു എന്നുള്ളതത്രെ ഈ ക്ഷേത്രത്തെ സവിശേഷവും പ്രസിദ്ധവുമാക്കുന്നത്.
രവി ദിനത്തിലെ മധ്യാഹ്ന ധ്യാനവും ദർശനവും നിർദ്ദേശ വചനവും അതിനാൽ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്നു.

ക്ഷേത്രം

കേരളത്തിലെ വടക്കു ദർശനമായ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠാലയമാണ് കണ്ണമ്പുള്ളി ശ്രീമഹാകാമേശ്വര ക്ഷേത്രം. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ദേശീയ പാതയ്ക്ക് (NH 544) സമീപം എരിമയൂർ കണ്ണമ്പുള്ളിയിലാണ് അപൂർവ്വമായ ഇരട്ട വാതിലുകളോടുകൂടിയ അഷ്ടദള ചക്ര ശ്രീകോവിലിൽ വടക്കു ദർശനമായി ശ്രീപാർവ്വതി സമേതനായി ശ്രീ തമ്പുരാൻ ഇരുന്നരുളുന്നത്. ക്ഷേത്ര ശ്രീലകത്തിനുള്ളിൽ പൂർവ്വ ഭാഗത്തായി ശ്രീ മഹാഭ ദ്രകാളി പാലവൃക്ഷത്തിലും, പശ്ചിമ ഭാഗത്തുള്ള ശ്രീകോവിലിൽ ധന്വന്തരി ശ്രീധർമ്മശാസ്താവും വടക്കു ദർശനമായിരിക്കുന്നു. ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ ഉത്തര ഭാഗത്തായി ശ്രീ മഹാബല വിഘ്നേശ്വരമൂർത്തി പടിഞ്ഞാറു ദർശനമായും, ദക്ഷിണ ഭാഗത്ത് ശ്രീ മഹാലിംഗനാഗമൂർത്തിയും ദർശനമേകുന്നു.

ദർശനം

ക്ഷേത്രത്തിൽ എത്തുന്നവർ മതിൽ കെട്ടിനുള്ളിൽ പടിഞ്ഞാറു ദർശനമായ ശ്രീകോവിലിനുള്ളിലെ ശ്രീ മഹാബല വിഘ്നേശ്വരമൂർത്തിയെ തൊഴുതു വലം വയ്ക്കുക. തുടർന്ന് ആൽത്തറ ചുറ്റി ഗജമണ്ഡപത്തിലൂടെ ബലി മണ്ഡപം കയറി നമസ്കാര മണ്ഡപത്തിലെത്തി നമസ്കരിക്കുക. പിന്നീട് വലതുവശം ചേർന്ന് ശ്രീ തമ്പുരാന്റെ നടവഴി ശ്രീലകത്തു കയറി താലം സമർപ്പിച്ച് ആദ്യം തമ്പുരാനെയും തുടർന്ന് തമ്പുരാട്ടിയെയും വണങ്ങി പുറകോട്ട് തമ്പുരാട്ടിയുടെ നടവഴി നമസ്കാരമണ്ഡപത്തിലിറങ്ങി കിഴക്ക് വാതിലിലൂടെ പുറത്തിറങ്ങുക. ശേഷം ശ്രീ ഭദ്രകാളിയുടെ കൽ വിളക്കു ചുറ്റി നടകൾ തൊട്ടു വണങ്ങി ശ്രീലകത്തു കയറാതെ കർമ്മ പീഠത്തിൽ നിന്നു തൊഴുക. തുടർന്ന് കിഴക്കോട്ട് തിരിഞ്ഞു തെക്കോട്ട് ചുറ്റമ്പലത്തിലൂടെ പ്രദക്ഷിണം നടത്തുക. ചുറ്റമ്പലത്തിലെ തെക്കേ വാതിലിലൂടെ പുറത്തിറങ്ങി ശ്രീമഹാ ലിംഗ നാഗമൂർത്തിയെ വണങ്ങി തിരികെ കയറി ചുറ്റമ്പലത്തിലൂടെ വടക്കോട്ടു വന്ന് ശ്രീധന്വന്തരി ധർമ്മശാസ്താ മൂർത്തിയുടെ നടവഴി അകത്തു കയറി ശാസ്താവിനെ തൊഴുതു തിരികെ ഇറങ്ങുക. ശേഷം രവി ദിന ധ്യാനത്തിനായി നമസ്കാര മണ്ഡപത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം പൂർത്തീകരിക്കേണ്ടതാണ്.
ശ്രീലകത്ത് നമസ്കാരം അരുത്.
സമർപ്പണതാലം –
ഭക്തരുടെ കഴിവനുസരിച്ച്, പൊടിയരി, ചെറുപയർ, എള്ളെണ്ണ .കർപ്പൂരം. ചന്ദനത്തിരി ,ഇവയെല്ലാമോ, ഏതെങ്കിലും മാത്രമായോ ദർശനം നടത്തുമ്പോൾ സമർപ്പണമായി സോപാനത്ത് നൽകുക.

ഉത്സവം

പ്രകൃതിയുടെ വിഭിന്നങ്ങളായ ഭാവങ്ങളും അവ ജീവജാലങ്ങളിലും, പ്രത്യേകിച്ച് മനുഷ്യ മനസ്സിലും ജനിപ്പിക്കുന്ന പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് പരീക്ഷിച്ച് പ്രയോഗ തലത്തിലെത്തിക്കുന്ന ശാസ്ത്രമാണ് നാട്യം.
പ്രകൃതിയും പ്രഞ്ചവും ജീവജാലങ്ങളും തമ്മിലുള്ള ഈ പരസ്പര ഘടിത ബന്ധത്തിലാണ് ഈശ്വര ആരാധനയുടെ അടിസ്ഥാനവും പ്രഭവവും’
അതിനാൽ തന്നെ ഭാരതീയ
ഈശ്വര ആരാധനയും ക്ഷേത്ര പൂജകളും വലിയ അളവിൽ നാട്യശാസ്ത്രത്താൽ ബന്ധപ്പെട്ടിരിക്കുന്നു.
നാട്യം പ്രധാനമായും ഗീതം, വാദ്യം, നൃത്തം ഇവ മൂന്നും കൂടിയ നാടകം എന്നീ നാലു ഘടങ്ങൾ ചേർന്നതാണ്.
ഏകാദശ പ്രകൃതി ഭാവങ്ങളുടെ ആഗീരണ, സ്വാംശീകരണ പ്രതികരണ പ്രകടനങ്ങളാണ് നാല് ഉത്സവ പൂജാകർമ്മങ്ങളായി കണ്ണമ്പുള്ളി തമ്പുരാനിലേക്ക് സമർപ്പിക്കപ്പെടുന്നത്.
പ്രകൃതി എന്ന പ്രത്യക്ഷ മഹാ ജ്ഞാനത്തെ ദർശന ത്താലും, സ്പർശനത്താലും, ശ്രവണ ത്താലും അറിഞ്ഞ് അനുഭവിച്ച് ആനന്ദത്തിലെത്തിക്കുന്ന അനുപമ കർമ്മോത്സവങ്ങളാണ് കണ്ണമ്പുള്ളി ചതുർ ഉത്സവങ്ങൾ –

ചതുർ ഉത്സവങ്ങൾ

വർഷത്തിൽ നാലു ഉത്സവങ്ങൾ നടക്കുന്ന മഹാ ക്ഷേത്രമാണ് കണ്ണമ്പുള്ളി.
ധനു ഒന്നു മുതൽ പതിനൊന്നുവരെ നടക്കുന്ന “നടരാജനടനോത്സവം “
മകരം ഒന്നു മുതൽ പതിനൊന്നുവരെ നടക്കുന്ന “രാജരാജേശ്വര രാഗോത്സവം”
മേടം ഒന്നു മുതൽ പതിനൊന്നുവരെ നടക്കുന്ന “കാമോത്സവം”-
തുടർന്ന് കർക്കിടക അമാവാസി നാളിലെ പൂരത്തോടു കൂടിയ പതിനൊന്ന് ദിന” കിരാതോത്സവ “ത്തോടു കൂടി ചതുർ മഹോത്സവങ്ങൾ സമാപിക്കുന്നു –

നടരാജ നടനോത്സവം

ശ്രീ തമ്പുരാന്റെ മഹാപീഠത്തിലാണ് നടനോത്സവം അരങ്ങേറുന്നത്. ഏതുതരം നൃത്തരൂപങ്ങളും ഏകമായോ കൂട്ടമായോ അവതരിപ്പിക്കാം. സ്ത്രീ പുരുഷലിംഗഭേദമേതു മില്ലാതെ ഈ സമർപ്പണം നടത്താം.

രാജരാജേശ്വര രാഗോത്സവം

ഉപകരണ സംഗീതമെന്നോ, വായ്പ്പാട്ടെന്നോ വ്യത്യാസമില്ലാതെ രാഗങ്ങളിലൂടെ നൽകുന്ന ഭാവ ഗീതാർച്ചനയാണ് രാഗോത്സവം’. ക്ഷേത്ര മഹാപീഠത്തിൽ ശ്രീ ധന്വന്തരിയ്ക്കു അഭിമുഖമായാണ് ഈ സംഗീത പൂജ.

കാമേശ്വര കാമോത്സവം

മഹാ തമ്പുരാന്റെ തിരു മുന്നിൽ ശ്രീലകത്ത് സ്ത്രൈണ സ്വരൂപങ്ങളാൽ മാത്രം നൽകപ്പെടുന്ന പ്രകൃതി ഭാവ പരിവർത്തന നൃത്ത സംഗീത പൂജയാണ് “കാമോത്സവം”. ഗായികമാരാലും, നർത്തകിമാരാലുമാണ് ഈ പൂജ സമർപ്പണം.

കിരാതോത്സവം

പ്രകൃതി ഒരേ സമയം സൗമ്യവും ഭയാനകവും ആണ്. കിരാതോത്സവത്തിൽ പ്രകൃതിയുടെ ഭീഭത്സവും ഭയാനകതയും നാട്യനാടക രൂപത്തിൽ മഹാപീഠത്തിൽ അരങ്ങേറുന്നു. പൗരുഷത്തിന്റെ ഈ അത്യുന്നത ഭാവങ്ങൾ കഥകളിയിലൂടെയും കൂടിയാട്ടത്തിലൂടെയുമാണ് അവതരണ സമർപ്പണം ചെയ്യുന്നത്.

പ്രധാന വഴിപാടുകൾ

തൈലാഭിഷേകം

കണ്ണമ്പുള്ളി ശ്രീ തമ്പുരാന് പ്രാമുഖ്യമാർന്ന അഭിഷേകങ്ങളിൽ മുഖ്യമാണ് തൈലാഭിഷേകം. വിഭിന്നങ്ങളായ തൈലാഭിഷേകങ്ങളിൽ പ്രഥമം എള്ളെണ്ണ ( Gingely oil ) യാണ്.
ശാരീരികമായ ദുരവസ്ഥകൾക്ക് ഉത്തമ പരിഹാരമാണ് ഈ വഴിപാട്. അഭിഷേകശിഷ്ടം തൈലം ശരീരത്തിൽ പുരട്ടുന്നത് ഉന്മേഷ വർധനവും ആരോഗ്യദായകവും ആണ്.
പ്രതിഷ്ഠയുടെ വൈപുല്യത്തിനാൽ  പതിനഞ്ച് (15) ലിറ്റർ എണ്ണ ഒരു തൈലാഭിഷേകത്തിനു ആവശ്യമാണ്.
ശുദ്ധവും പര്യാപ്തവുമായ എള്ളെണ്ണ ദക്ഷിണ സമർപ്പിച്ചും, തുല്യമായ പണം നൽകിയും ഈ വഴിപാട് നടത്താവുന്നതാണ് .
ഞായറാഴ്ച തൈലാഭിഷേകം വഴിപാട് ഉണ്ടായിരിക്കുന്നതല്ല.

ഏക ദീപം

കണ്ണമ്പുള്ളി ക്ഷേത്ര ആരാധനാമൂർത്തികളിൽ പ്രമുഖമാണ് ശ്രീ ധന്വന്തരി ധർമ്മശാസ്താമൂർത്തി.കൈകളിൽ അമൃതകുംഭവും അഭയമുദ്രയുമായി സദാ അനുഗ്രഹദായകനായി, ധന്വന്തരി വൈദ്യനാഥ ഭാവത്തിൽ വടക്കു ദർശനമായി ധർമ്മശാസ്താവ് ശ്രീലകത്ത് ദർശനമേകുന്നു.അനപത്യത്താൽ ദു:ഖിതരായവർക്ക് സന്താനമാകുന്ന അമൃത് നൽകി അനുഗ്രഹിക്കുന്ന ഐശ്വര്യ മൂർത്തിയായ വേട്ടയ്ക്കൊരു മകന് ,
ഉത്തമ സന്താന ലബ്ദിക്കായി നടത്തുന്ന പ്രമുഖമായ വഴിപാടാണ് ഏക ദീപം.
ദക്ഷിണ താംബൂലവും 125 ml എള്ളെണ്ണയും ആണ് ഒരു ദിന ഏക ദീപ സമർപ്പണം. പണമായി നൽകുന്നവർ രൂ .51.00 അടയ്ക്കേണ്ടതാണ് –
21 ദിന ആവർത്തി ഉത്തമ ഫലത്തെ നൽകുന്നു.

പഞ്ചദീപം

ഏക ശ്രീകോവിലിൽ അഭൗമ ശക്തി ചൈതന്യമൂർത്തി ശ്രീ തമ്പുരാന്റെ വലതുഭാഗത്ത് രാജേശ്വരിയായി ശ്രീപാർവ്വതി ദർശനമേകുന്നു. മാംഗല്യ ബന്ധന നിവാരണമായി തമ്പുരാട്ടിയ്ക്ക് പഞ്ച ദീപ വഴിപാട് സമർപ്പിക്കുന്നത് ഉദിഷ്ട ഫലത്തിന് ഉത്തമവും ഐശ്വര്യദായകവും ആണ്.
150 ml എള്ളെണ്ണ, 30g മഞ്ഞൾ പൊടി ,ദക്ഷിണ താംബൂലം ഇവയാണ് പഞ്ചദീപ ദ്രവ്യങ്ങൾ. ദ്രവ്യ സമർപ്പണം സാധിക്കാത്തവർക്ക് രൂ 81-00 നൽകി വഴിപാട് നടത്താവുന്നതുമാണ്.
21,41,63,90,111 ദിനങ്ങളായി ഈ വഴിപാട് പ്രാർത്ഥനയ്ക്ക് അനുസരിച്ച് നടത്തുന്നത് പൂർണ ഫലത്തെ ലഭ്യമാക്കുന്നു.

ഗുരുതി

അതീവ ശക്തിശാലി ശ്രീഭദ്രകാളിയുടെ സാന്നിധ്യത്താൽ അനുഗ്രഹീതമാണ് കണ്ണമ്പുള്ളി.ശ്രീലകത്ത് പാലവൃക്ഷത്തിൽ ദ്വിദിശാ പൂജിതയായിരിക്കുന്ന ദേവിക്ക് എല്ലാ വെള്ളിയാഴ്ചകളിലും സന്ധ്യാ പൂജയ്ക്ക് രക്തപുഷ്പാഞ്ജലിയും, അമാവാസി ശുക്രദിനത്തിൽ ഗുരുതിയും അർപ്പിക്കുന്നു. ദോഷകരമായ അവസ്ഥകൾക്ക് ഉത്തമ പരിഹാരമാണ് ഗുരുതി. രക്തപുഷ്പാഞ്ജലിയും ഗുരുതിയും നടത്തുന്നവർ പ്രസാദം ഏറ്റുവാങ്ങുന്നത് കർമ്മഫലപൂർത്തിയ്ക്ക് അത്യാവശ്യമാണ്. രക്തപുഷ്പാഞ്ജലി ഒന്നിന് രൂ 101.00 ചെറിയ പാത്ര ഗുരുതി- രൂ251.00 പ്രാർത്ഥനയക്കനുസരിച്ച് 1,3, 5, 7, 9 എന്നീ പാത്ര അളവുകളിൽ ഗുരുതി വഴിപാടാക്കാം ‘ 12, 21 പാത്ര ഗുരുതികൾ ദേവഹിതാനുസാരം മാത്രമെ വഴിപാടായി സ്വീകരിക്കപ്പെടുകയുള്ളൂ.

ധാര

വടക്കു ദർശനമായ ഇരട്ട വാതിലുകളോടുകൂടിയ ശ്രീകോവിലിൽ വലതുഭാഗത്ത് അന്നപൂർണേശ്വരിയായ ദേവി പാർവതി സ്ഥിതി ചെയ്യുന്നു എന്നുള്ളതാണ് കണ്ണമ്പുള്ളി ക്ഷേത്രത്തിന്റെ അഭൗമമായ പ്രത്യേകത. സ്തീശക്തിയുടെ ഔന്നത്യം ഇതിലൂടെ പ്രകടമാക്കുന്നു. പ്രകൃതി പുരുഷ സമ്മേളന സ്ഥാനമായ ഇവിടെ അതിനാൽ തന്നെ ശ്രീ തമ്പുരാന് നൽകുന്ന ധാര ശ്രീപാർവതിയ്ക്ക് മഞ്ഞൾ അഭിഷേകത്തോടു കൂടിയല്ലാതെ പൂർണമാവുകയുമില്ല. ഈ ശക്തി വ്യത്യസ്ഥതയാണ് കണ്ണമ്പുളളി ധാരയെ വേറിട്ടതും വ്യതിരിക്തവും ഫലദായകവും ആയി അനുഭവവേദ്യമാക്കുന്നത്. മനോ സംഘർഷങ്ങളെ ലഘൂകരിച്ച്, മന:ശാന്തത നേടുവാൻ ഈ ധാര ഓരോ ഭക്തനേയും പ്രാപ്തമാക്കുന്നു. ജാതി മത ഭേദമെന്യേ ഏതൊരാൾക്കും പേരിലും ,നക്ഷത്രത്തിലും ഇത് വഴിപാടായായി സമർപ്പിക്കാവുന്നതാണ്.

പൂത്താലം

ഇഷ്ടമാംഗല്യത്തിനും ,ഉത്തമ സന്താനലബ്ധിക്കുമായി ശ്രീ തമ്പുരാന് നൽകി വരുന്ന ഉത്കൃഷ്ട പൂജയാണിത്. മധ്യസ്ഥരില്ലാതെ നേരിട്ടു സ്ത്രീകൾ നൽകുന്ന ഈ നിവേദ്യപൂജ മകരമാസത്തിലെ ആദ്യ ഞായറാഴചയാണ്. ഈ പൂജാ സമയം ശ്രീലക പ്രവേശനവും ദർശനവും സ്ത്രീകൾക്ക് മാത്രവുമാണ്. നിവേദ്യ താലവുമായി മുൻകൂർ അറിയിച്ചിട്ടുള്ള സ്ത്രീകൾക്കും, സ്ത്രൈണോ ന്മുഖരായിട്ടുള്ള ഉഭയലിംഗക്കാർക്കും ഈ നിവേദ്യം സമർപ്പിക്കാം